സഞ്ജുവിന്റെ ആരാധകര്ക്കിതു കഥാര്‍സിസ് ഇഫക്ട്. കാറ്റുംകോളുമായി ഭീതിവിതറിയ പേമാരിക്കുശേഷം ശാന്തമായ അന്തരീക്ഷംപോലെ ആരാധകമനസ് സുഖസുഷുപ്തിയില്‍. അരിസ്റ്റോട്ടിലിന്റെ കഥാര്‍സിസ് ക്രിക്കറ്റിലേക്ക് ആവാഹിച്ചാല്‍, പ്രേക്ഷകന്റെ/ആരാധകരുടെ ഭയവും വേദനയുമെല്ലാം വിമലീകരിക്കപ്പെട്ട നിമിഷം; അതായിരുന്നു ഐസിസി ട്വന്റി-20 ലോകകപ്പ് ഫൈനലില്‍ സഞ്ജു സാംസണ് 46 പന്തില്‍ നേടിയ 89 റണ്‍സ്, ഒപ്പം പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റ് പുരസ്കാരവും ടീം ഇന്ത്യയുടെ ലോകകപ്പ് ട്രോഫിയും. മനുഷ്യാവസ്ഥകളുടെ ദുരന്ത ചിത്രീകരണത്തിലൂടെ പ്രേക്ഷകനില്‍ ഭയകരുണങ്ങളുണര്‍ത്തി അതിനു ശമനമുണ്ടാക്കിയാണ് കഥാര്‍സിസ് സാധിക്കുന്നത്. 2026 ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പില്‍ സഞ്ജുവിന്റെ ആരാധകര്‍ അനുഭവിച്ചതും അതുതന്നെ; ക്യാരക്ടർ ആര്‍ക്ക്...
» ഭയം/ആശങ്ക «
ലോകകപ്പിനു മുന്നോടിയായി നടന്ന 2025 ഏഷ്യ കപ്പ് ട്വന്റി-20 ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജുവിന് ഇടംലഭിക്കുമോ എന്നതായിരുന്നു ആരാധകരുടെ ആദ്യ ആശങ്ക/ഭയം. ഏഷ്യ കപ്പിനു തൊട്ടുമുമ്പായിരുന്നു 2025 സീസണ് കേരള ക്രിക്കറ്റ് ലീഗ്. ഇന്ത്യന്‍ ടെസ്റ്റ്, ഏകദിന ക്യാപ്റ്റനായ ശുഭ്മാന്‍ ഗില്‍ 2026 ട്വന്റി-20 ലോകകപ്പ് ലക്ഷ്യമിട്ട്, ഒരു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം കളിക്കാന്‍ തയാറായി. മൂന്നു ഫോര്‍മാറ്റിലെയും നായകസ്ഥാനമായിരുന്നു ഗില്ലിന്റെ ലക്ഷ്യം. അതിനു ബാക്ക് ചെയ്യാനായി ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ ക്യാപ്റ്റന്‍സി ഗില്ലിന്റെ തൊപ്പിയിലുണ്ടുതാനും.
ഇന്ത്യന്‍ ക്രിക്കറ്റിലെ യുവതുര്‍ക്കിയായ ഗില്ലിന്റെ വരവ് സഞ്ജുവിനെ സംബന്ധിച്ച് അത്ര ശുഭകരമല്ലായിരുന്നു, പ്ലേയിംഗ് ഇലവനില്‍ സഞ്ജു ഞെരിച്ചമര്‍ത്തപ്പെട്ടു. അതുവരെ ഓപ്പണിംഗില്‍ തിളങ്ങിയ, ഓപ്പണറായി ബംഗ്ലാദേശിനും ദക്ഷിണാഫ്രിക്കയ്ക്കുമെതിരേ മൂന്നു സെഞ്ചുറി നേടിയ സഞ്ജുവിന്റെ സ്ഥാനം അതോടെ മധ്യനിരയിലേക്കു തള്ളപ്പെട്ടു. 2025 ഏഷ്യ കപ്പില്‍ ഗില്‍ ഓപ്പണറായി, സഞ്ജു മധ്യനിരയിലും. ഇതു മുന്നില്‍ക്കണ്ട് കേരള ക്രിക്കറ്റ് ലീഗില്‍ സഞ്ജു മധ്യനിരയില്‍ കളിച്ചു. ഇടയ്ക്ക് ഓപ്പണറായെത്തി കൊച്ചി ബ്ലൂ ടൈഗേഴ്സിനായി സെഞ്ചുറി നേടി. മധ്യനിരയിലും ഓപ്പണിംഗിലും മാറിമാറി ഇറങ്ങി കഠിനാധ്വാനം ചെയ്തു. കാരണം, 2026 ലോകകപ്പായിരുന്നു സഞ്ജുവിന്റെ ഹൃദയത്തുടിപ്പിലുണ്ടായിരുന്നത്.
» സങ്കടം/സഹതാപം «
മോശം ഫോമിനെത്തുടര്‍ന്ന് 2026 ലോകകപ്പിനുള്ള ടീമില്‍നിന്ന് ശുഭ്മാന്‍ ഗില്ലിനെ ഒഴിവാക്കി. അങ്ങനെ ആശങ്കയും ഭയവും ഒഴിവായി. എന്നാല്‍, ലോകകപ്പിനു തൊട്ടുമുമ്പായി ന്യൂസിലന്‍ഡിന്റെ ഇന്ത്യന്‍ പര്യടനം. അഞ്ച് മത്സര പരമ്പരയില്‍ 10, 6, 0, 24, 6 എന്നതായിരുന്നു സഞ്ജുവിന്റെ ഓപ്പണിംഗ് റോളിലെ പ്രകടനം. അതില്‍ മൂന്നു തവണ ബൗള്‍ഡായി. സ്വദേശമായ തിരുവനന്തപുരത്തായിരുന്നു അഞ്ചാം ട്വന്റി-20. അവിടെവച്ച് ഇന്ത്യന്‍ വിക്കറ്റ് കീപ്പറിന്റെ ഗ്ലൗ സഞ്ജുവിന്റെ കൈയില്‍നിന്ന് ഊരി, ഇഷാന് കിഷനെ ഇന്ത്യന്‍ ടീം മാനേജ്മെന്റ് ഏല്‍പ്പിച്ചു. സങ്കടവും സഹതാപവും പരകോടിയില്‍. 2024 ട്വന്റി-20 ലോകകപ്പിലേതുപോലെ 2026 ലോകകപ്പിനും സഞ്ജു പുറത്തിരിക്കുമെന്ന് അതോടെ ഏകദേശം ഉറപ്പായി. എന്നാല്‍, ഡയറക്ടറിന്റെ, കഥാകൃത്തിന്റെ (ദൈവം) പദ്ധതി മറ്റൊന്നായിരുന്നു.
പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റ് പുരസ്കാരം സ്വീകരിച്ചശേഷം സഞ്ജുവിന്റെ വാക്കുകള്‍: “ന്യൂസിലന്‍ഡ് പരമ്പരയ്ക്കു ശേഷം ഞാന്‍ തകര്‍ന്നുപോയി, എന്റെ സ്വപ്നങ്ങള്‍ പൂര്‍ണമായും തകര്‍ന്നു. എന്തുചെയ്യാന്‍ കഴിയുമെന്ന ചിന്ത എന്നെ അലട്ടി. പക്ഷേ, ദൈവത്തിന് വ്യത്യസ്തമായ പദ്ധതികളുണ്ടായിരുന്നു”.
» സൂപ്പര്‍ സ്റ്റാര്‍ «
ലോകകപ്പിലെ ആദ്യരണ്ടു മത്സരങ്ങളില്‍ പുറത്ത്. മൂന്നാം മത്സരത്തില്‍ അഭിഷേക് ശര്‍മയുടെ ഉദരസംബന്ധ രോഗത്തെത്തുടര്‍ന്ന് ഓപ്പണറായി എട്ട് പന്തില്‍ 22. തുടർന്നു ഡഗ്ഗൗട്ടിൽ. റിങ്കു സിംഗിന്റെ അച്ഛന്റെ അസുഖവും മരണവും വീണ്ടും സഞ്ജുവിനെ പ്ലേയിംഗ് ഇലവനില്‍ എത്തിച്ചു. സൂപ്പര്‍ എട്ടില്‍ സിംബാബ്വെയ്ക്ക് എതിരേ 15 പന്തില്‍ 24. ആ ഇന്നിംഗ്സാണ് ലോകകപ്പില്‍ ഇന്ത്യന്‍ സ്കോര്‍ ആദ്യമായി 250 കടക്കാന്‍ അടിത്തറയിട്ടത്. സൂപ്പര്‍ എട്ടില്‍ വെസ്റ്റ് ഇന്‍ഡീസിന് എതിരായ നിര്‍ണായക മത്സരം, ജയിക്കുന്ന ടീം സെമിയില്‍. 50 പന്തില്‍ 97 നോട്ടൗട്ടുമായി സഞ്ജു സൂപ്പര്‍ സ്റ്റാറായി. മുട്ടില്‍നിന്ന് അയാള്‍ ദൈവത്തെ സ്തുതിച്ചു.
തുടര്‍ന്ന് ഇംഗ്ലണ്ടിന് എതിരായ സെമിയില്‍ 42 പന്തില്‍ 89, ന്യൂസിലന്‍ഡിനെതിരായ ഫൈനലില്‍ 46 പന്തില്‍ 89. ഈ രണ്ട് മത്സരത്തിലും ഇന്ത്യന്‍ സ്കോര്‍ 250 കടന്നു. അഞ്ച് ഇന്നിംഗ്സില്‍ ഹാട്രിക് ഫിഫ്റ്റി അടക്കം 321 റണ്‍സ്, ഈ ലോകകപ്പില്‍ റണ്‍ വേട്ടയില്‍ മൂന്നാമന്. 24 സിക്സ്. സ്ട്രൈക്ക് റേറ്റ് 199.37 ശരാശരി 80.25. ട്വന്റി-20 ലോകകപ്പ് ചരിത്രത്തില്‍ ഒരു എഡിഷനില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് (321), സെമിയിലും ഫൈനലിലുമായി ഏക്കാലത്തെയും ടോപ് സ്കോർ (178), ഒരു എഡിഷനില്‍ ഏറ്റവും കൂടുതല്‍ സിക്സ് (24) തുടങ്ങിയ റിക്കാര്‍ഡുകളെല്ലാം സഞ്ജുവിനു സ്വന്തം.
സഞ്ജു പ്രകാശിച്ചതോടെ ടീം മുഴുവന്‍ വെളിച്ചമായി. ആ വെളിച്ചത്താല്‍ പൂരിതമായി ന്യൂസിലന്‍ഡിന് എതിരായ ഫൈനല്‍. കാരണം, അഭിഷേക് ശര്‍മ (21 പന്തില്‍ 52), ഇഷാന് കിഷന് (25 പന്തില്‍ 54), ശിവം ദുബെ (എട്ട് പന്തില്‍ 26 നോട്ടൗട്ട്), ജസ്പ്രീത് ബുംറ (4/15), അക്സര്‍ പട്ടേല്‍ (3/27) എന്നിവരെല്ലാം ഫൈനലില്‍ ഇന്ത്യന്‍ ചരിതമെഴുതി. ഈ ലോകകപ്പില്‍ ആറ് ഇന്ത്യന്‍ കളിക്കാര്‍ ഒന്നിച്ചു ശോഭിച്ചത് അന്നാദ്യം.
സഞ്ജു സാംസണ്; അതെ, 2026 ലോകകപ്പിന്റെ സൂപ്പര്‍ സ്റ്റാര്‍. ഒരുപക്ഷേ, 2026 ട്വന്റി-20 ലോകകപ്പ് സഞ്ജുവിന്റെ പേരില്‍ മാത്രം അറിയപ്പെടും. കാരണം, അത്രമേല്‍ കണ്ണീര്ക്കടൽതാണ്ടിയായിരുന്നു അയാള്‍ ഈ സൂപ്പര്‍ സ്റ്റാര്‍ പദവി സ്വന്തമാക്കിയത്; സഞ്ജൂസ് കഥാര്‍സിസ്...